1 : കുറെനാള്‍ കഴിഞ്ഞ് സാംസണ്‍ ഗോതമ്പു വിളവെടുപ്പു കാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന്‍ പറഞ്ഞു: ഞാന്‍ എന്റെ ഭാര്യയുടെ ശയനമുറിയില്‍ പ്രവേശിക്കട്ടെ. പക്‌ഷേ, പിതാവ് അത് അനുവദിച്ചില്ല.
2 : അവളുടെ പിതാവു പറഞ്ഞു: നീ അവളെ അതിയായിവെറുക്കുന്നുവെന്നു വിചാരിച്ച് ഞാന്‍ അവളെ നിന്റെ കൂട്ടുകാരനുകൊടുത്തു. അവളുടെ ഇളയസഹോദരി അവളെക്കാള്‍ സുന്ദരിയല്ലേ? അവളെ സ്വീകരിച്ചാലും.
3 : സാംസണ്‍ പറഞ്ഞു: ഇപ്രാവശ്യവും ഫിലിസ്ത്യരോട് ഞാന്‍ എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അത് എന്റെ കുറ്റമായിരിക്കയില്ല.
4 : സാംസണ്‍ പോയി മുന്നൂറു കുറുനരികളെ പിടിച്ചു. കുറെപന്തങ്ങളും ഉണ്ടാക്കി. ഈരണ്ടെണ്ണത്തെ വാലോടുവാല്‍ ചേര്‍ത്ത് ബന്ധിച്ച് അവയ്ക്കിടയില്‍ പന്തവും വച്ചുകെട്ടി.
5 : അനന്തരം, അവന്‍ പന്തങ്ങള്‍ക്കു തീ കൊളുത്തി. അവയെ ഫിലിസ്ത്യരുടെ ധാന്യവിളയിലേക്ക് വിട്ടു. വയലില്‍ നില്‍ക്കുന്ന വിളയും കൊയ്ത കറ്റയും ഒലിവുതോട്ടങ്ങളും കത്തിച്ചാമ്പലായി.
6 : ഫിലിസ്ത്യര്‍ ചോദിച്ചു: ആരാണിതു ചെയ്തത്? അവര്‍ പറഞ്ഞു:
7 : ആ തിമ്‌നാക്കാരന്റെ മരുമകനായ സാംസണ്‍ അവന്റെ ഭാര്യയെ അമ്മായിയപ്പന്‍ അവന്റെ കൂട്ടുകാരന് കൊടുത്തതുകൊണ്ട് ചെയ്തതാണിത്. ഫിലിസ്ത്യര്‍ ചെന്ന് അവളെയും അവളുടെ പിതാവിനെയും അഗ്‌നിക്കിരയാക്കി. സാംസണ്‍ അവരോടു പറഞ്ഞു: ഇങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഞാന്‍ ശപഥം ചെയ്യുന്നു, ഞാന്‍ നിങ്ങളോട് പ്രതികാരം ചെയ്തിട്ട് സ്ഥലം വിടും.
8 : അവന്‍ അവരെ ക്രൂരമായി പ്രഹരിച്ച്‌കൊന്നുകളഞ്ഞു. അതിനുശേഷം അവന്‍ ഏത്താംപാറക്കെട്ടില്‍ പോയി താമസിച്ചു.
9 : അപ്പോള്‍ ഫിലിസ്ത്യര്‍ യൂദായില്‍ ചെന്ന് പാളയമടിച്ച് ലേഹിപട്ടണം ആക്രമിച്ചു. യൂദായിലെ ജനം ചോദിച്ചു:
10 : നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നതെന്തുകൊണ്ട്? അവര്‍ പറഞ്ഞു: സാംസണ്‍ ഞങ്ങളോടു ചെയ്തതിനു പകരംവീട്ടാന്‍ അവനെ ബന്ധനസ്ഥനാക്കുന്നതിനു വേണ്ടിയാണു ഞങ്ങള്‍ വന്നിരിക്കുന്നത്.
11 : അപ്പോള്‍ യൂദായിലെ മൂവായിരം ആളുകള്‍ ഏത്താംപാറയിടുക്കില്‍ചെന്ന് സാംസനോടു ചോദിച്ചു: ഫിലിസ്ത്യരാണ് ഞങ്ങളുടെ ഭരണാധികാരികള്‍ എന്ന് നിനക്കറിഞ്ഞുകൂടേ? പിന്നെ നീയിപ്പോള്‍ ഞങ്ങളോടീച്ചെയ്തതെന്ത്? അവന്‍ പറഞ്ഞു: അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു.
12 : അവര്‍ പ്രതിവചിച്ചു: നിന്നെ ബന്ധിച്ച് ഫിലിസ്ത്യരുടെ കൈയിലേല്‍പിക്കാന്‍ വന്നിരിക്കയാണ്, ഞങ്ങള്‍. സാംസണ്‍ പറഞ്ഞു: നിങ്ങള്‍ എന്റെ മേല്‍ ചാടിവീഴുകയില്ലെന്നു സത്യം ചെയ്യുക.
13 : അവര്‍ പറഞ്ഞു: ഇല്ല; ഞങ്ങള്‍ നിന്നെ ബന്ധിച്ച് ഫിലിസ്ത്യരുടെ കൈയില്‍ ഏല്‍പിക്കുകയേയുള്ളു, കൊല്ലുകയില്ല. അവര്‍ പുതിയരണ്ടു കയറുകൊണ്ട് അവനെ ബന്ധിച്ച് പാറയ്ക്കു വെളിയില്‍ കൊണ്ടുവന്നു.
14 : അവന്‍ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്ത്യര്‍ ആര്‍പ്പുവിളികളോടെ അവനെ കാണാനെത്തി. കര്‍ത്താവിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേല്‍ വന്നു. അവനെ ബന്ധിച്ചിരുന്ന കയര്‍ കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.
15 : ആയിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കിടക്കുന്നത് അവന്‍ കണ്ടു. അതെടുത്ത് അവന്‍ ആയിരം പേരെ അതുകൊണ്ട് കൊന്നു;
16 : എന്നിട്ട് അവന്‍ ഘോഷിച്ചു: കഴുതയുടെ താടിയെല്ലുകൊണ്ട് ഞാനവരെ കൂനകൂട്ടി. കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാന്‍ കൊന്നു.
17 : ഇതു പറഞ്ഞിട്ട്, അവന്‍ എല്ല് എറിഞ്ഞു കളഞ്ഞു. ആ സ്ഥലത്തിന് റാമാത്ത്‌ലേഹി എന്ന് പേരു ലഭിച്ചു.
18 : അവനു വലിയ ദാഹമുണ്ടായി. അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: അവിടുത്തെ ദാസന്റെ കരങ്ങളാല്‍ ഈ വലിയ വിജയം അവിടുന്നു നേടിത്തന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ദാഹം കൊണ്ട് മരിച്ച് അപരിച്‌ഛേദിതരുടെ കൈകളില്‍ വീഴണമോ?
19 : ദൈവം ലേഹിയില്‍ ഉള്ള പൊള്ളയായ ഒരു സ്ഥലം തുറന്നു. അതില്‍നിന്നു ജലം പുറപ്പെട്ടു. അവന്‍ വെള്ളം കുടിച്ച് ഊര്‍ജ്ജസ്വലനായി. അതുകൊണ്ട് അതിന് എന്‍ഹക്കോര്‍ എന്നു പേരുകിട്ടി.
20 : അത് ഇന്നും അവിടെയുണ്ട്. ഫിലിസ്ത്യരുടെ കാലത്ത് ഇരുപതുവര്‍ഷം സാംസണ്‍ ഇസ്രായേലില്‍ ന്യായാധിപനായിരുന്നു.