Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ദാനിയേല്‍

,

ആമുഖം

,
വാക്യം   0

ഗ്രന്ഥകര്‍ത്താവെന്ന നിലയിലും ഗ്രന്ഥത്തിലെ പ്രധാന കഥാപാത്രമെന്ന നിലയിലുമാണ് ദാനിയേലിന്റെ നാമം ഗ്രന്ഥത്തോടു ചേര്‍ക്കുന്നത്. ബാബിലോണ്‍ പ്രവാസികളില്‍പ്പെടുന്നവരായി ദാനിയേലും കൂട്ടരും ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഗ്രന്ഥരചന നടന്നത് നൂറ്റാണ്ടുകള്‍ക്കുശേഷം അന്തിയോക്കസ് എപ്പിഫാനസിന്റെ മതമര്‍ദനകാലത്ത് (ക്രി. മു. 167-164) ആണ് എന്നു കരുതപ്പെടുന്നു. ഗ്രന്ഥത്തിന്റെ യഥാര്‍ഥ കര്‍ത്താവ് അജ്ഞാതനാണ്. ഹെബ്രായമൂലഗ്രന്ഥങ്ങളില്‍ പന്ത്രണ്ട് അധ്യായങ്ങളും ഗ്രീക്കില്‍ പതിന്നാല് അധ്യായങ്ങളും കാണുന്നു. ഹെബ്രായമൂലങ്ങളില്‍ത്തന്നെ, 2,4(6)-7, 28 വരെയുള്ള ഭാഗം അരമായ ഭാഷയിലാണ്. ഗ്രീക്കുമൂലപ്രകാരമുള്ള പതിന്നാല് അധ്യായങ്ങളും കാനോനികമായി കത്തോലിക്കര്‍ സ്വീകരിക്കുന്നു. ദാനിയേലിന്റെയും മൂന്നു കൂട്ടുകാരുടെയും ഉറച്ച ദൈവവിശ്വാസവും ഭക്തിയും യഹൂദാചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള നിഷ്ഠയും പ്രസ്പഷ്ടമാക്കുന്ന സംഭവങ്ങളുടെ വിവരണമാണ് ആദ്യഭാഗത്തുള്ളത് (1-6). ദാനിയേലിനുണ്ടായ ദര്‍ശനങ്ങളാണ് 7-12 അധ്യായങ്ങളുടെ ഉള്ളടക്കം. ദൈവത്തിന്റെ പദ്ധതികള്‍ക്കും അവിടുത്തെ ജനത്തിനുമെതിരേ ഉയരുന്ന സാമ്രാജ്യശക്തികള്‍ തകര്‍ക്കപ്പെടുമെന്നു ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നു. പ്രബോധനാത്മകമായ കഥകളാണ് 13-14 അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നത്. ഏഴാം അധ്യായത്തിലെ, മനുഷ്യപുത്രനെ സംബന്ധിക്കുന്ന പരാമര്‍ശനങ്ങളും ദാനിയേലിന്റെ പുസ്തകത്തെ ഏറ്റവുമധികം ശ്രദ്‌ധേയമാക്കി. അന്തിമോത്ഥാനത്തെക്കുറിച്ചുള്ള സൂചനയും (12, 2-3) ഗ്രന്ഥത്തിന്റെ ഒരു സവിശേഷതയാണ്. ക്രൈസ്തവര്‍ പ്രവചനഗണത്തിലും യഹൂദര്‍ ലിഖിതങ്ങളുടെ പട്ടികയിലും പെടുത്തുന്നെങ്കിലും വെളിപാടുസാഹിത്യരൂപത്തിന്റെ (ക്കണ്മഗ്ന്യണ്മന്ധദ്ധ്യ) ഉത്തമനിദര്‍ശനമാണ് ദാനിയേലിന്റെ പുസ്തകം. ദൈവത്തിന്റെ പക്ഷം വിജയിക്കുമെന്ന് ദര്‍ശനങ്ങളിലൂടെ സമര്‍ഥിച്ചുകൊണ്ട് ക്രൂരമായ മതമര്‍ദനത്തിനു വിധേയരായവര്‍ക്ക് ആശ്വാസവും ധൈര്യവും പകരുകയാണ് ഇതിന്റെ പ്രധാന ഉദ്‌ദേശ്യം. രക്ഷാകര ചരിത്രത്തിന്റെ വെളിച്ചത്തില്‍ ലോകചരിത്രത്തെ അപഗ്രഥിക്കുന്ന ഗ്രന്ഥകര്‍ത്താവ് പ്രപഞ്ചത്തിലെ ഓരോ ചലനത്തിലും ദൈവത്തിന്റെ കരവും പദ്ധതിയും ദര്‍ശിക്കുന്നു; ദൈവജനം പ്രതിസന്ധികള്‍ തരണംചെയ്ത് ശാശ്വതമായ നീതിയും സമാധാനവും കൈവരിക്കും എന്നു വ്യക്തമാക്കുകയും ചെയ്യുന്നു. ഘടന 1, 1-6, 18:ദാനിയേലും മൂന്നു കൂട്ടുകാരും - നബുക്കദ്‌നേസറിന്റെ സ്വപ്നങ്ങള്‍ 7, 1-12, 13:ദാനിയേലിന്റെ ദര്‍ശനങ്ങള്‍ (7, 1-28: മനുഷ്യപുത്രനും നാല് അദ്ഭുതജീവികളും 8, 1-27: മുട്ടാടും ആണ്‍കോലാടും. 9, 1-27: വര്‍ഷങ്ങളുടെ എഴുപത് ആഴ്ചകള്‍. 10, 1-12, 13:യുഗാന്തദര്‍ശനം) 13, 1-64:സൂസന്ന 14, 1-42 :ബേലും വ്യാളവും

Go to Home Page